​​പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ മൂന്ന് പ്രധാന പദ്ധതികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുള്ളത്.

1. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പഠനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന തരത്തില്‍ സ്കൂളിലും‍ ക്ലാസ് മുറികളിലും ഡിജിറ്റല്‍ (ഐടി) സംവിധാനമൊരുക്കുകയും ഡിജിറ്റല്‍ ഉള്ളടക്കം, പരിശീലനം, മോണിറ്ററിംഗ് എന്നിവ സാധ്യമാക്കുന്ന, 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി.

3. ഇത്തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നടത്തിയ മറ്റൊരു പദ്ധതിയാണ് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള സ്കൂളുകള്‍ക്ക് ലാപ്‍ടോപ്പുകള്‍, പ്രൊജക്ടറുകള്‍, സ്പീക്കറുകള്‍, ഇന്റര്‍നെറ്റ് എന്നിവ ലഭ്യമാക്കുന്ന ഹൈടെക് ലാബ് പദ്ധതിയാണ്. (9,941 സ്കൂളുകള്‍). ഇവിടെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാകുന്നില്ല.

3. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 5 കോടി, 3 കോടി, 1 കോടി രൂപ വീതം 966 സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയും കിഫ്ബി വഴി നടത്തുന്നു.

ഇതില്‍ ആദ്യം പറഞ്ഞ രണ്ടു പദ്ധതികള്‍ക്കായി 562 കോടി രൂപ കിഫ്ബിയില്‍ നിന്നും ചിലവഴിച്ചിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ രണ്ടു പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ലഭ്യമാക്കിയ സൗകര്യങ്ങള്‍ പോസ്റ്റര്‍ നോക്കിയാല്‍ വ്യക്തമാകും. എന്നാല്‍ അതില്‍ ഒതുങ്ങുന്നതല്ല സംസ്ഥാനം ലക്ഷ്യം വെച്ചിരിക്കുന്ന നേട്ടങ്ങള്‍. ഇവ ഫലപ്രദമായി ഉപയോഗിക്കുന്നുഎന്ന് ഉറപ്പാക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരിക്കിയിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ 2060 സ്‌കൂളുകളിൽ സ്ഥാപിച്ച 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ വഴിയും ഹൈടെക് സ്‌കൂൾ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സജീവമാക്കുന്നുണ്ട്. എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കാനും സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുണ്ടായിരുന്ന 1359 സ്‌കൂളുകൾക്കും ഉപകരണങ്ങൾ എത്തിക്കാൻ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലിപാർലമെന്റ്, മണ്ഡലങ്ങൾ, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവൻ വിശദാംശങ്ങളും 'സമേതം' പോർട്ടലിൽ (www.sametham.kite.kerala.gov.in ) ഹൈടെക് സ്‌കൂൾ ലിങ്ക് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.


അടിസ്ഥാന സൗകര്യ വികസനം കൂടി പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം അമൂല്യമായ തലങ്ങളിലേക്ക് എത്തപ്പെടും എന്ന് കണക്കാക്കാം. അര്‍പ്പണബോധം നിറഞ്ഞ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും വിദ്യാര്‍ത്ഥികളുടെ കൂടെ ചേര്‍ന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന ഭാവി തലമുറ ലോകത്തിലെ തന്നെ മികച്ച വിദ്യാര്‍ത്ഥി സമൂഹമയിരിക്കും.

Comments

Be the first to add a comment