​​കേരളത്തിലെ വ്യവസായികമേഖലയുടെ കുതിച്ചുചാട്ടത്തിനു തന്നെ വഴിയൊരുക്കുന്ന ബൃഹത്പദ്ധതിക്ക് തുടക്കമാകുകയാണ്. അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം പാലക്കാട‌്, കണ്ണൂർ ജില്ലകളിൽ 5366 ഏക്കറിൽ നടപ്പാക്കും. ഇതിനായി 12710 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്ക‌് സർക്കാർ അംഗീകാരം നൽകി. കിൻഫ്ര വഴിയാണ‌് ഭൂമി ഏറ്റെടുക്കുന്നത‌്. ഇതിനാവശ്യമായ പണം കിഫ‌്ബി വായ‌്പയായി നൽകും. വായ‌്പയ‌്ക്ക‌് കിഫ‌്ബി ബോർഡ‌് യോഗം അനുവാദം നൽകി. സ്ഥലം ഏറ്റെടുക്കുന്നതിന‌് വ്യവസായ, റവന്യൂ വകുപ്പുകൾ അംഗീകാരം നൽകി‌.

അടുത്ത ദശകങ്ങളിലെ വ്യവസായ വികസന കേന്ദ്രങ്ങൾ എന്ന നിലയിലാണ‌് പാലക്കാട‌്, കണ്ണൂർ ജില്ലകളെ ആദ്യഘട്ട പദ്ധതി മേഖലയായി തെരഞ്ഞെടുത്തത‌്. നാലു ഘട്ടമായാണ‌് 5366 ഏക്കർ ഏറ്റെടുക്കുന്നത‌്. ഒന്നാംഘട്ടത്തിൽ പാലക്കാട‌് ജില്ലയിൽ ആലത്തൂർ കണ്ണമ്പ്ര വില്ലേജിൽ 470 ഏക്കറും കണ്ണൂരിൽ 567 ഏക്കറും ഉൾപ്പെടെ 1037 ഏക്കർ ഏറ്റെടുക്കും‌. 1887.50 കോടിയാണ‌് അടങ്കൽ. രണ്ടാംഘട്ടത്തിൽ കണ്ണൂർ ജില്ലയിൽ 2239 ഏക്കർ (5597.50 കോടി ), മൂന്നാംഘട്ടത്തിൽ 506 ഏക്കർ (1256 കോടി ) നാലാംഘട്ടത്തിൽ 1584 ഏക്കർ (3960 കോടി ) എന്നിങ്ങനെയാണ‌് ഏറ്റെടുക്കുക.

കണ്ണൂരിൽ പനയത്തംപറമ്പ‌്, കീഴല്ലൂർ, പടുവിലായി, അഞ്ചരക്കണ്ടി, പട്ടന്നൂർ, മട്ടന്നൂർ പാർക്ക‌്, മൊകേരി, ചെറുവാഞ്ചേരി, പുതൂർ, പിണറായി, ചാവശേരി, കൂടാളി, കീഴല്ലൂർ, കൊളാരി, ഇരിട്ടി, പടിയൂർ, കല്യാട‌് തുടങ്ങിയ വില്ലേജുകളിൽനിന്നാണ‌് ഭൂമി ഏറ്റെടുക്കുന്നത‌്. കിഫ‌്ബിയുടെ 33–-ാമത‌് ഡയറക്ടർ ബോർഡ‌് യോഗം പദ്ധതിക്ക‌് അംഗീകാരം നൽകി.

ഏറ്റെടുക്കുന്ന ഭൂമി പൊതു, പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി ലഭ്യമാക്കും. പെട്രോളിയം, കെമിക്കൽ, ഇലക‌്ട്രോണിക‌്സ‌് ഉൽപ്പാദന വ്യവസായ മേഖലയ‌്ക്കും സൂക്ഷ‌്മ, ചെറുകിട, ഇടത്തരം വ്യവസായശ്യംഖലകളുടെ വ്യാപനത്തിനും കുതിപ്പേകും. കിൻഫ്രയ‌്ക്ക‌് ഒമ്പത‌്‌ ശതമാനം പലിശനിരക്കിലാണ‌് കിഫ‌്ബി വായ‌്പ അനുവദിക്കുക. കിഫ‌്ബി പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കലിനുമാത്രമായി റവന്യൂ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നാലു യൂണിറ്റുകളുണ്ടാകും. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിറ്റിനായിരിക്കും സ്ഥലമെടുപ്പ‌് ചുമതല.

Comments

Be the first to add a comment